അവന് തിരമാലകളുടെ കൂട്ടുകാരനായിരുന്നു, തിരമാലകളുടെ ഉയര്‍ച്ച താഴ്ച്ചകളില്‍ അവന് നീന്തി തുടിച്ചിരുന്നു.
നാട്ടിന്‍പുറത്തെ കുളങ്ങളും, പുഴകളും അവനു പ്രിയപെട്ടതയിരുന്നു,
മഴകളെയും തണുത്ത കാറ്റിനെയും അവന് പ്രണയിച്ചിരുന്നു.
അവന്റെ ജീവിതം തടാകം പോലെ ശാന്തമായിരുന്നു.
ഒരു പ്രഭാതം, അത് അവനു പുതിയ ഒരു ലോകം സമ്മാനിച്ചു.
കാഴ്ചകളുടെ വൈവിധ്യം ഇല്ലാത്ത, തണുത്ത കാറ്റിന്റെ കുളിര്‍മയോ, മഴത്തുള്ളികളുടെ പ്രണയമോ പരിചയം ഇല്ലാത്ത ഒരു ലോകമായിരുന്നു അത്.
അതൊരു മരുഭൂമിയായിരുന്നു, അവനു സന്തോഷം ഉളവാക്കുന്നതായി ഒന്നും തന്നെ ഇല്ലായിരുന്നു അവിടെ.
ഉഷ്ണകാറ്റും അതിനെ അനുസരിക്കാന്‍ വിധിക്കപെട്ട മണല്തരികളും മാത്രമായിരുന്നു അവിടെ.
അവനോടു കൂട്ടുകൂടാന്‍ പക്ഷികളോ അവന്റെ സ്വപ്നങ്ങള്‍ക്ക് നിറം പകരാന്‍ ചിത്രശലഭങ്ങളോ ഇല്ലായിരുന്നു അവിടെ.
കടുത്ത ചൂടും മണല്‍കാറ്റുകളും അവനു ദുരിതങ്ങ്ളുടെ ആദ്യാനുഭവങ്ങള്‍ നല്കി.
അവിടുത്തെ ചൂട് ക്രമേണ അവനു അസഹനീയമായി തോന്നി…….അവന്റെ തൊണ്ട വരണ്ടു.
അവന് ജീവിതത്തില്‍ ആദ്യമായി ഒരു തുള്ളി വെള്ളത്തിനായി കൊതിച്ചു.
ചുറ്റുമുള്ള ശൂന്യത അവനു കടുത്ത വിരസത സമ്മാനിച്ചു.
മണല്‍ കാറ്റുകള്‍ പലപ്പോഴും അവന്റെ കാഴ്ചയെ പറ്റിച്ചു കൊണ്ടേയിരുന്നു.
അവന് അവിടം ദുരിതപൂര്ണമായിരുന്നെങ്കിലും….എല്ലാം പുതിയ അനുഭവങ്ങള്‍ ആയിരുന്നു.
ജീവിതം അനുഭവങ്ങളുടെ സങ്കലനം ആണെന്ന് അവന് വിശ്വസിച്ചിരുന്നു …അതുകൊണ്ട് തന്നെ അവന് തളര്‍ന്നില്ല.
കടുത്ത ഉഷ്ണത്തിലും അവന് തന്റെ പഴയ മഴക്കാലവും..കുളങ്ങളും… ...പുഴകളും...തിരമാലകളും .എല്ലാം അവന്റെ മനസ്സില്‍ താലോലിച്ചു കൊണ്ടിരുന്നു .
മരുഭൂമിയിലെ നോക്കെത്താ ദൂരത്തിനപ്പുറം തന്റെ പഴയ മഴക്കാലം ഉണ്ടെന്നു അവന് വിശ്വസിച്ചു.
ആ പ്രതീക്ഷയില്‍ അവന് നടന്നുകൊണ്ടേയിരുന്നു അവന് തളര്‍ന്നില്ല പരിഭവിച്ചില്ല ……..നാട്ടിന്‍പുറത്തെ കുളങ്ങളില്‍ വീണ്ടും മുങ്ങാംകുഴിയിട്ടു കളിക്കുന്ന ദിനം സ്വപ്നംകണ്ട് അവന് നടന്നു .
അത്തരം ചിന്തകള്‍ അവനെ ചിലപ്പോള്‍ കരയിച്ചു....ചിലപ്പോള്‍ ഊര്‍ജം നല്കി .....അവന് യാത്ര തുടര്‍ന്നു.
പല പകലുകളും രാത്രികളും അവന് പിന്നിട്ട്.
രാത്രികാലങ്ങളില്‍ അവന് ആകാശത്തെ നക്ഷത്രങ്ങളെ നോക്കി.
ആ കാഴ്ച അവന്റെ മനസിനെ സന്തോഷിപ്പിച്ചു.
ആകാശത്തിലെ തിളങ്ങുന്ന നക്ഷത്രങ്ങളെ അവന് സ്നേഹിച്ചിരുന്നു.
നാളുകള്‍ എത്ര കടന്നു പോയി എന്ന് അവന് നിശ്ചയമില്ലാതായി.
അവന്റെ ശരീരം ക്ഷീണിച്ചു .....അവന്റെ മനസ്സിനെ ഏകാന്തതയും ..നിരാശയും കീഴ്പെടുത്താന്‍ തുടങ്ങി.
പക്ഷെ അപ്പോഴും മാറ്റമില്ലാതെ അവിടുത്തെ ചൂടും മണല്‍ കാറ്റുകളും തളര്ത്തികൊണ്ടിരിന്നു.
പഴയ ഓര്‍മകള്‍ക്കും അവനില്‍ ആവേശം നിറക്കാന്‍ കഴിഞ്ഞില്ല.
അവന് തളര്‍ന്നു എല്ലാ അര്‍ത്ഥത്തിലും അവന് എല്ലാം മറക്കാം ശ്രമിച്ചു.
എങ്കിലും അവന് നടന്നു…...അവന്റെ പ്രതീക്ഷയുടെ അവസാനത്തെ കണികയുടെ ഊര്‍ജത്തില്‍.
ആകാശത്തിലെ നക്ഷത്രങ്ങള്‍ അവന്റെ ഓര്‍മകളെ കുറെ പുറകിലോട്ടു നടത്തി.
അവന്റെ ചെറുപ്പകാലം അവന്റെ വീട്, അവന്റെ മുത്തശി, മുത്തശി മടിയില്‍ കിടത്തി പറഞ്ഞു കൊടുത്ത കഥകള്‍, അവന്റെ കൗതുകം നിറഞ്ഞ ചോദ്യങ്ങള്‍ എല്ലാം എല്ലാം അവന്റെ മനസ്സിലൂടെ കടന്നു പോയി.
നക്ഷത്രങ്ങളെ നോക്കി അവനോടു അവന്റെ മുത്തശി പറഞ്ഞിരുന്നു .. ……………നക്ഷത്രങ്ങള്‍ ....മരിച്ചു പോയവര്‍ നമ്മളെ കാണാന്‍ വരുന്നതാണെന്ന്.
അവന് അവന്റെ യാത്ര മതിയാക്കി.
അവന് തളര്‍ന്നു പൂര്‍ണമായും..
അവന്റെ പ്രതീക്ഷകള്‍ അസ്തമിച്ചു ...അവന് അപ്പോഴും അറിയില്ലായിരുന്നു എന്തിനു അവന് അവിടെ എത്തപെട്ടു എന്ന് .
അവന് അതിന്റെ ഉത്തരം കണ്ടുപിടിക്കാന്‍ ശ്രമിച്ചില്ല ..
ചോദ്യങ്ങളും ഉത്തരങ്ങളും ചിന്തകളും ..ഒന്നിനും തന്നെ ഇനി ആ മഴക്കാലത്തിന്റെ നിഴലുകളില്‍ കൂടി പോലും നടത്താനവില്ലന്നു..അവന് തിരിച്ചറിഞ്ഞു.
അവന് അവിടെ ഇരുന്നു ..പാതി വഴിയില്‍ യുദ്ധം മതിയാക്കിയ പോരാളിയെ പോലെ ..
അവന് കണ്ണുകള്‍ അടച്ചു ...മണലിനോട് തന്റെ മുഖം ചേര്‍ത്ത് വെച്ച് അവന് കിടന്നു ...
മണല്‍ കാറ്റുകള്‍ വീശി അടിച്ചുകൊണ്ടിരുന്നു .....................
പിറ്റേന്ന് എല്ലാം പതിവുപോലെ തന്നെ മണല്‍ കാറ്റുകളും ചൂടും ...
പക്ഷെ അവനെ അവിടെ എങ്ങും കാണാനില്ലായിരുന്നു ....
.........................................................................................................
അന്ന് രാത്രിയില്‍ ഒരു കുഞ്ഞു നക്ഷത്രം ആകാശത്ത് പ്രത്യക്ഷപെട്ടു ....
ആ നക്ഷത്രം ഭൂമിയിലെ ...കുളങ്ങളെയും.... പുഴകളെയും ...തിരമാലകളെയും ....നോക്കികൊണ്ടിരുന്നു ....ഒരു പുഞ്ചിരിയോടെ
wow ....beautiful...
ReplyDelete